തിരുവനന്തപുരം: കോണ്‍ഗ്രസ് ഭാരവാഹിയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. താഴേതട്ടില്‍ പ്രവര്‍ത്തനം മോശമാണെന്നും താഴേതട്ടില്‍ പ്രവര്‍ത്തനം സജീവമാക്കിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. കിറ്റ് കൊടുത്തിട്ടല്ല എല്‍ഡിഎഫ് ജയിച്ചതെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടാണെന്നും അദേഹം യോഗത്തില്‍ പറഞ്ഞു. സ്വന്തം സ്ഥലത്ത് എന്തു നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹൈക്കമാന്‍ഡ് രൂപപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗഹ്ലോത്ത്, ജി പരാമേശ്വര എന്നിവരും പങ്കെടുത്തു. വിജ സാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അവര്‍ നിര്‍ദേശം നല്‍കി.
അതേസമയം സമിതി അംഗങ്ങളായ വി എം സുധീരനും കെ മുരളീധരനും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും ചര്‍ച്ച ചെയ്തു. പ്രകടന പത്രിക രൂപീകരണത്തിനായി ശശി തരൂര്‍ എംപി ജനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. ഇതനായി നാലു ജില്ലകളില്‍ അദേഹം സന്ദര്‍ശനം നടത്തും.