കൽപ്പറ്റ ;വയനാട് മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ മോഷണം, വിവാഹ തട്ടിപ്പ് , വ്യാജരേഖ ചമക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ തൃശ്ശൂർ കുന്നകുളം അങ്കുർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെ(47) മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരിമീൻറെ നേതൃത്വത്തിലുള്ള സംഘം പിലാക്കാവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. 2018ൽ മാനന്തവാടി എരുമതെരുവിലെ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നിന്നും ശ്രീകോവിലിലെ മാല , ഭണ്ഡാരത്തിലെ നിന്നും 10000 രൂപയും ഡി.വി.ആർ മോഷ്ടിച്ച പ്രതി കൂടിയാണിയാൾ. ഫിംഗർ പ്രിന്റ് ബ്യൂറോയിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ നിന്നാണ് നിരവധി മോഷണ-വിവാഹ തട്ടിപ്പിലെ ഈ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ മോഷണ കേസിന് പിടിക്കപ്പെട്ടപ്പോൾ ശേഖരിച്ച വിരലടയാളം മാനന്തവാടി ക്ഷേത് മോഷണ കേസിലും ഒത്തു വന്നതാണ് കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചത് . വിരൽ അടയാളം ഒത്തു വന്നപ്പോൾ മുതൽ തന്നെ പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതി സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീൽ എന്നിവ ഉണ്ടാക്കിയാണ് പവാപ്പെട്ട മുസ്ലിം കുടുംബങ്ങളിൽ നിന്നും വിവാഹ തട്ടിപ്പ് നടത്തിയിരുന്നത് . എട്ടോളം വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് ടി പ്രതി. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഭാര്യമാർ കൊടുത്ത പരാതികൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ട്. പ്രതിക്കെതിരെ വയനാട് ജില്ലയിൽ തന്നെ കൽപ്പറ്റ , മാനന്തവാടി, വൈത്തിരി സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. വ്യാജ സീൽ നിർമ്മാണം, വ്യാജ രേഖ ചമക്കൽ, പാസ്പോർട്ട് നിയമം , വിവാഹ തട്ടിപ്പ്, ചെക്ക് ലീഫ് കേസുകളും ടിയാന്റെ പേരിലുണ്ട്. എസ്.ഐ മാരായ ബിജു ആന്റണി, സനോജ്, എ.എസ്.ഐ മാരായ ടി കെ മനോജൻ, മെർവിൻ ഡിക്രൂസ്, സി,പി,ഒ മാരായ ജീൻസ്,സുധീഷ് വി,കെ രഞ്ജിത് ഷിനു റോഷൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
The Best Online Portal in Malayalam