സിസ്റ്റർ അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കുള്ള ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധിക്കും. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
രണ്ട് പ്രതികൾക്കുമെതിരെ കൊലപാതക കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം സിസ്റ്റർ അഭയ കണ്ടതിനെ തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തുകയും കിണറ്റിൽ തള്ളുകയുമായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് കോടതി ശരിവെച്ചു
കോൺവെന്റിൽ അതിക്രമിച്ചു കയറി എന്ന കുറ്റവും തോമസിന്റെ മേൽ തെളിഞ്ഞിട്ടുണ്ട്. നീണ്ട 28 വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി വരുന്നത്. ആത്മഹത്യയെന്ന് നിരവധി തവണ കോടതികളിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട കേസാണിത്. കീഴ്‌ക്കോടതികളുടെ അടക്കം കൃത്യമായ ഇടപെടലിനെ തുടർന്നാണ് പലതവണകളായി പുനരന്വേഷണം നടക്കുകയും ഒടുവിൽ സത്യം തെളിയുകയും ചെയ്തത്.