അനുപമയുടെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കും; വിഷയം പാര്‍ട്ടി പരിധിയില്‍ വരില്ല: എ വിജയരാഘവന്‍

 

തിരുവനന്തപുരം: അനധികൃതമായി കുഞ്ഞിനെ ദത്തു നല്‍കിയെന്ന് മാതാപിതാക്കളുടെ പരാതിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിതെന്ന് പറഞ്ഞ വിജയരാഘവന്‍ , കുഞ്ഞിനെ സ്വന്തം അമ്മ അനുപമക്ക് തിരികെ കിട്ടണമെന്നാണ് പാര്‍ട്ടി നിലപാടെന്നും വിശദീകരിച്ചു. ഇതിനായി എല്ലാ പിന്തുണയും അനുപമക്ക് പാര്‍ട്ടി നല്‍കും. പാര്‍ട്ടിക്ക് പരാതി ലഭിച്ചാല്‍ സ്വഭാവികമായി അന്വേഷിക്കും. എന്നാല്‍ ഇത് പാര്‍ട്ടിയുടെ പരിധിയില്‍ വരുന്ന വിഷമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അനുപമയുടെ നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏപ്രില്‍ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് പേരൂര്‍ക്കട സ്വദേശിനി അനുപമ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.

പരാതിക്കാരിയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരീ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ കൊണ്ടുപോയി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോഴാണ് അനുപമ കുട്ടിക്കായി പോരാട്ടത്തിനിറങ്ങിയത്