കൊല്ലത്ത് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ നിലമേലിലെ വീട്ടിൽ മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ എംഎൽഎ എത്തി. ബുധനാഴ്ച രാവിലെയാണ് ടീച്ചർ വിസ്മയയുടെ വീട്ടിലെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയക്ക് ഭർത്താവിൽ നിന്നും നിരന്തരം പീഡനമേറ്റിരുന്നതായി കുടുംബം തന്നോട് പറഞ്ഞതായി ടീച്ചർ പ്രതികരിച്ചു
സ്ത്രീധന മുക്ത കേരളം സാധ്യമാക്കുന്നതിന് ഒറ്റക്കെട്ടായി സംസ്ഥാനത്തെ ബഹുജനങ്ങൾ പ്രവർത്തിക്കണം. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാട് സ്വീകരിക്കണമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം സർക്കാർ കാണുന്നത്. വിഷയത്തിൽ പഴുതടച്ചുള്ള അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയെന്നും ടീച്ചർ പറഞ്ഞു.