സംസ്ഥാനത്ത് കെ റെയിലിനെതിരെ കോൺഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുമ്പോൾ മാമലയിൽ നിന്നും വ്യത്യസ്ത വാർത്ത. കെ റെയിലിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറായി യുവാവും കുടുംബവും മുന്നോട്ടുവന്നു. ആകെയുള്ള സമ്പാദ്യമായ 23 സെന്റ് സ്ഥലവും രണ്ട് വീടുമാണ് കെ റെയിലിനായി മാമല മുരിയമംഗലം മോളത്ത് വീട്ടിൽ സജിലും പിതാവ് ശിവനും വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചത്.
വീടും സ്ഥലവും വിട്ടുനൽകാൻ വിഷമമുണ്ട്. എന്നാൽ നാടിന് ഗുണമുള്ള പദ്ധതിയല്ലേയെന്നാണ് സജിൽ ചോദിക്കുന്നത്. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ച് പ്രാവർത്തികമാക്കി. അതുപോലെ കെ റെയിലും സാധ്യമാകുമെന്ന് സജിൽ പറഞ്ഞു.
നഷ്ടപരിഹാര പാക്കേജിനെ കുറിച്ച് സർക്കാർ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും സജിൽ പറഞ്ഞു. ഇവരുടെ അയൽവാസികളും സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.