പെരിയ ഇരട്ടക്കൊലപാതകം: കെ വി കുഞ്ഞിരാമൻ അടക്കം നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും

 

പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഎം നേതാവ് കെ വി കുഞ്ഞിരാമനടക്കം നാല് പേർ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാവകാശം വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ നിർദേശം നൽകിയത്

സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയും മുൻ എംഎൽഎയുമാണ് കെ വി കുഞ്ഞിരാമൻ. സിപിഎം നേതാവ് കെ വി ഭാസ്‌കരൻ, 23ാം പ്രതി ഗോപൻ വെളുത്തോളി, 24ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരാണ് ഇന്ന് ഹാജരാകുന്നത്. വിചാരണ നടപടികളിലേക്ക് ഇവരെ കൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വിളിച്ചുവരുത്തുന്നത്.

കേസിലാകെ 24 പ്രതികളാണുള്ളത്. ഇതിൽ 16 പേർ ജയിലിലാണ്. ജാമ്യം നേടിയ മൂന്ന് പേരും പ്രതി ചേർക്കപ്പെട്ട അഞ്ച് പേരുമടക്കം ഡിസംബർ 15ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ നാല് പേർ അന്ന് ഹാജരായിരുന്നില്ല. തുടർന്നാണ് ഡിസംബർ 22ന് ഹാജരാകാൻ കോടതി നിർദേശം നൽകിയത്.