കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല. പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ് ബൂത്തിൽ 10 ഏജന്റുമാർ മാത്രമേ ഉണ്ടാവാൻ പാടുള്ളു.
അതേസമയം, സംവരണ വാർഡുകൾ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷൻ ഈ ആഴ്ച പരിഗണിക്കും.