സർക്കാർ കോവിഡ് മരണ നിരക്ക് മറച്ചുവെച്ചിട്ടില്ല; സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളൂ: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സർക്കാർ കോവിഡ് മരണനിരക്ക് മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളുവെന്നും സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളിൽ വ്യത്യാസമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ച് കഴിഞ്ഞെന്നും എന്നാല്‍ കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.