സതീശനെ അഭിനന്ദിച്ച് വി എം സുധീരൻ; കെപിസിസിയിലും നേതൃമാറ്റമുണ്ടാകും

 

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതോടെ സംസ്ഥാന കോൺഗ്രസിലെ തലമുറ മാറ്റത്തിനാണ് എഐസിസി തുടക്കമിട്ടിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ കടുത്ത സമ്മർദം മറികടന്ന് സതീശനെ നേതാവായി പ്രഖ്യാപിച്ചതോടെ ഗ്രൂപ്പു കളികളിൽ അഭിരമിക്കുന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് കേന്ദ്ര നേതൃത്വം നൽകിയിയിരിക്കുന്നത്

വി ഡി സതീശനെ അഭിനന്ദിച്ച് കെപിസിസി മുൻ പ്രസിഡന്റ് കൂടിയായ വി എം സുധീരൻ രംഗത്തുവന്നു. പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചുവെന്നായിരുന്നു സുധീരന്റെ പ്രതികരണം. ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെയെന്നും സുധീരൻ പറഞ്ഞു.

രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്നായിരുന്നു നേരത്തെ വന്ന സൂചന. ചെന്നിത്തലക്ക് വേണ്ടി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ യുവ നേതാക്കൾ തലമുറ മാറ്റം വേണമെന്ന ആവശ്യത്തിലുറച്ചു നിന്നു. ഇതോടെയാണ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്.

കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. ഒരു മാസത്തിനുള്ളിൽ കെപിസിസി നേതൃമാറ്റം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ഹൈക്കമാൻഡ് അറിയിച്ചു.