തലമുറ മാറ്റം കോൺഗ്രസിലും: വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന

 

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി യോഗം സതീശനെ പാർട്ടി നേതാവായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്

ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുന ഖാർഗെയുടെയും വൈദ്യലിംഗത്തിന്റെയും റിപ്പോർട്ട് വി ഡി സതീശന് അനുകൂലമായിരുന്നു. കോൺഗ്രസിന്റെ 21 എംഎൽഎമാരോടും ഹൈക്കമാൻഡ് നിരീക്ഷകർ അഭിപ്രായം തേടിയിരുന്നു.

മുതിർന്ന നേതാക്കൾ ചെന്നിത്തല തുടരട്ടെയെന്ന നിലപാട് എടുത്തപ്പോൾ യുവ എംഎൽഎമാർ നേതൃമാറ്റം വേണമെന്ന നിലപാടിലുറച്ചു നിന്നു. ഭൂരിപക്ഷ അഭിപ്രായവും സതീശനൊപ്പമായിരുന്നു. രാഹുൽ ഗാന്ധിയുടെ താത്പര്യവും സതീശന് അനുകൂലമാകുകയായിരുന്നു.

കെപിസിസി നേതൃസ്ഥാനത്തും മാറ്റമുണ്ടായേക്കും. കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പി ടി തോമസിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.