ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്തും മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. നാളെ രാവിലെയോടെ ഇത് തീവ്രന്യൂനമർദമായി മാറും. മെയ് 24ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയും പിന്നീട് തീവ്രചുഴലിക്കാറ്റായി മാറുകയും ചെയ്യും

മെയ് 26ന് വൈകുന്നേരം ബംഗാളിനും ഒഡീഷ തീരത്തിനുമടിയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചു

ഒഡീഷയിലെ 30 ജില്ലകളിൽ 14 എണ്ണത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാവികസേനയുടെയും തീര സംരക്ഷണ സേനയുടെയും സഹായം ഒഡീഷ ആവശ്യപ്പെട്ടു. ഒഡീഷ, ആന്ധ്ര, ബംഗാൾ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്

ചുഴലിക്കാറ്റിന് യാസ് എന്നാണ് പേര്. മെയ് 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടി മഴയ്ക്കും സാധ്യതയുണ്ട്.