ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തുമെന്ന് മുല്ലപ്പള്ളി

 

വി ഡി സതീശനെ ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവായി നിർദേശിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനത്തെ കെപിസിസി സർവാത്മനാ സ്വാഗതം ചെയ്യുകയാണ്. കെപിസിസിയുടെ വിജയാശംസകൾ വി ഡി സതീശന് നേരുകയാണ്

5 വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാർട്ടിയുടെ യശസ്സിനായി ചെന്നിത്തല പരമാവധി പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു.

പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തി ഓരോരോ അഴിമതികൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായി നാളെ ചരിത്രം രമേശ് ചെന്നിത്തലയെ രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിഡി സതീശനിലേക്ക് തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ല. എഐസിസി തീരുമാനം മല്ലികാർജുന ഖാർഗെയും താരിഖ് അൻവറും വിളിച്ച് അറിയിക്കുകയായിരുന്നു. കെപിസിസിയിലും മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് പാർട്ടി തീരുമാനിച്ചാൽ മാറാൻ തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം