എറണാകുളത്ത് ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിയെ കാണാൻ പിതാവ് എത്തി. കുട്ടി ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി മെഡിക്കൽ കോളജിലാണ് പിതാവ് എത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
അമ്മയും ഒപ്പം താമസിക്കുന്ന ആന്റണി ടിജിനുമാണ് കുട്ടിയെ ആക്രമിച്ചതെന്ന് പിതാവ് പറയുന്നു. ഏഴ് മാസം മുമ്പാണ് തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നിന്നും ഭാര്യ കുട്ടിയെയും കൂട്ടി എറണാകുളത്തേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല. ഭാര്യക്കൊപ്പമാണ് നിലവിൽ ഒളിവിൽ കഴിയുന്ന ആന്റണി ടിജിൻ താമസിക്കുന്നത്. ആന്റണി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പിതാവ് പറയുന്നു
മകൾ ഹൈപ്പർ ആക്ടീവാണെന്ന മാതാവിന്റെ വാദവും ഇദ്ദേഹം തള്ളി. തന്റെ കുട്ടി സാധാരണ കുട്ടിയാണ് ആന്റണിയും അമ്മയും ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും പിതാവ് പറഞ്ഞു. അതേസമയം വെന്റിലേറ്ററിലാണ് കുട്ടി ഇപ്പോഴും. നട്ടെല്ലിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടവും കുറഞ്ഞു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടാകാത്തത് ആശ്വാസകരമാണ്. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകളാണ് നൽകുന്നത്.