നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാതെ ഹൈക്കോടതി. അതേസമയം ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെ മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നിർദേശം നൽകി
27ാം തീയതി വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മുദ്രവെച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.
നാളെ മുതൽ മൂന്ന് ദിവസത്തേക്ക് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി. 27നാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. വ്യാഴാഴ്ച നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹർജിയിലെ അന്തിമ തീരുമാനം. അന്ന് ഏത് വ്യവസ്ഥയും നിർദേശിക്കാം. അത് കുറ്റാരോപിതർക്ക് മേൽ ചുമത്തുമെന്നും കോടതി പറഞ്ഞു