ഇടുക്കി അടിമാലി കുറത്തികുടിയില്‍ ചങ്ങാടം മറിഞ്ഞ് ഒന്‍പതുപേര്‍ ഒഴുക്കില്‍പ്പെട്ടു. കുറത്തിക്കുടി ആദിവാസി മേഖലയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയതായാണ് സൂചന. അപകടത്തില്‍പ്പെട്ട ഒന്‍പതുപേരെയും രക്ഷപ്പെടുത്തിയതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ അറിയിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി ചങ്ങാടത്തില്‍ പുഴ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ചങ്ങാടം മറിഞ്ഞ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഒന്‍പതുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും സമീപത്തുള്ള കുടികളില്‍ നിന്ന് ആളുകള്‍ എത്തി ഇവരെ രക്ഷപെടുത്തിയതായാണ് വിവരം. അടിമാലി പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സ്ഥലത്ത് മൊബൈല്‍ റേഞ്ചിന്റെ പ്രശ്‌നമുള്ളതിനാല്‍ വൈകിയാണ് വിവരം പുറത്തറിഞ്ഞത്. ഒഴുക്കില്‍പ്പെട്ട എല്ലാവരും രക്ഷപെട്ടതായാണ് നിലവില്‍ ലഭിച്ച വിവരമെന്ന് ഇടുക്കി എസ്പി കറുപ്പസ്വാമി പറഞ്ഞു.