ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മലയാളിയുടെ ദേശീയ ഉത്സവം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങളും ഒത്തുചേരലുകളും ഇത്തവണയുമുണ്ടാകില്ല.
ഓണക്കാലം കുട്ടിക്കൂട്ടങ്ങളുടെ സന്തോഷത്തിന്‍റേതാണ്. പുറത്തിറങ്ങാൻ കഴിയാത്ത, കൂട്ടുകൂടാൻ കഴിയാത്ത കാലത്ത് കുഞ്ഞുങ്ങൾക്കിത് മനസ്സ് നിറച്ച ഓണം. പത്തു ദിവസം കൈനിറയെ പൂനുള്ളി വീട്ടുമുറ്റവും ഉമ്മറവുമലങ്കരിച്ച് അവരത് ആസ്വാദനത്തിന്‍റേതാക്കുന്നു. അത്തനാളിലെ ചെറിയ പൂക്കളത്തിന്‍റെ വലിപ്പും കൂടി. തിരുവോണത്തിന് വീട്ടുകാരൊന്നിച്ച് പൂവിട്ടു. വസന്തം തീർത്തൊരോണക്കാലം പ്രായമാവയരുടെ ഓർമ്മയിലുണ്ട്. ആ സ്മരണയിലാണ് മഹാമാരിക്കാലത്തെ തിരുവോണം.
കഴിവതും ആഘോഷം വീടുകള്ക്കകത്താക്കണമെന്നും ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സർക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആഘോഷങ്ങളും ഇക്കുറി വെർച്വൽ പ്ലാറ്റ്ഫോമുകളിലാണ്. ഒത്തുകൂടാനും ഒന്നിച്ചുണ്ണാനും ബന്ധുവീടുകളിൽ പോയി ആഘോഷിക്കാനും അടുത്ത ഓണത്തിനെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും.