സ്വപ്‌നയും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും; കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും എൻ ഐ എ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കൂടിയാണ് എൻ ഐ എ നീട്ടി ചോദിച്ചത്. കോടതി നാല് ദിവസം അനുവദിക്കുകയായിരുന്നു

അതേസമയം പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24ന് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കും.

പ്രതികളുടെ സാമ്പത്തിക ഇടപാടുകളും എൻ ഐ എ പരിശോധിക്കുന്നുണ്ട്. മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ ഉൾപ്പെടെയാണ് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ പണമിടപാട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.