ഹരിദാസിന്റെ ശരീരത്തിൽ 20ലധികം വെട്ടുകൾ, ഇടതുകാൽ മുറിച്ചുമാറ്റി; ഏഴ് പേർ കസ്റ്റഡിയിൽ

 

തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയവരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.

നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഹരിദാസിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും കമ്മീഷണർ അറിയിച്ചു

ഹരിദാസിന്റെ പോസ്റ്റുമോർട്ടം പരിയാരം മെഡിക്കൽ കോളജിൽ പൂർത്തിയായി. 20ലധികം വെട്ടുകൾ ഹരിദാസിന്റെ ശരീരത്തിലുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ സാധിക്കാത്ത വിധം കൊത്തി വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. ഇടതുകാൽ മുറിച്ച് മാറ്റിയിരുന്നു. വലത് കാൽ മുട്ടിന് താഴെയും നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്.