കുട്ടികളെ എങ്ങനെ വളർത്തണം, അവരോട് പറയേണ്ടതും പറയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും. വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേർന്നു നടത്തുന്ന ‘നമുക്ക് വളരാം നന്നായി വളർത്താം’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ഇരുവരും വിഡിയോയിൽ അണിനിരന്നത്.
കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളെ കുറിച്ച് പറയാനാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. അത്തരത്തിലുള്ള വാക്കുകൾ ചൂണ്ടിക്കാട്ടി ഇന്ദ്രജിത്തും പൂർണിമയും അത് കുട്ടികളെ മാനസികമായി മുറിപ്പെടുത്തുമെന്ന് പറയുന്നു. നിസാര കാര്യത്തിന് വഴക്കു പറയുന്നതും കുത്തുവാക്കുകളും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. കുട്ടികളോട് കള്ളം പറയുകയോ, കള്ളത്തരത്തിന് കൂടെ കൂട്ടുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ പിന്നീട് കൂടുതൽ കള്ളങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അത് പ്രേരണയാകും. കുട്ടികളുടെ മുന്നിൽവച്ച് വഴക്കിടുകയോ, മോശം വാക്കുകൾ പറയുകയോ അരുത്. ആൺ, പെൺ വ്യത്യാസമില്ലാതെ വേണം കുട്ടികളെ വളർത്താൻ. കുട്ടികൾക്ക് വേണ്ടി സമയം മാറ്റിവച്ച്, അവരെ ചേർത്ത് പിടിച്ചുവേണം വളർത്താൻ എന്ന് പറഞ്ഞുകൊണ്ടോണ് വിഡിയോ അവസാനിക്കുന്നത്.