ദത്ത് വിവാദം: കുഞ്ഞിനെ തിരികെ എത്തിക്കാനായി കേരളത്തില്‍ നിന്നുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആന്ധ്രയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്.

അവിടുത്തെ സാഹചര്യം പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. കേരളത്തില്‍ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ആന്ധ്രാപ്രദേശിലെ ദമ്പതികളെ അറിയിച്ചിരുന്നു.കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. അതേസമയം അമ്മ അനുപമ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും.