വിഎസിന് ഇന്ന് 97ാം ജന്മദിനം

തിരുവനന്തപുരം: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രാജ്യത്തെ തലമുതിര്‍ന്ന നേതാവ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന് ഇന്ന് 97ാം ജന്മദിനം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണ് അദ്ദേഹം. അണുബാധ ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, കേരള മുഖ്യമന്ത്രി, ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്നിങ്ങനെ നിരവധി പദവികളില്‍ ഇരുന്നിട്ടുണ്ട്.

 

1923 ഒക്ടോബര്‍ 20ന് വേലിക്കകത്ത് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി പുന്നപ്രയിലെ ദരിദ്ര കുടുംബത്തില്‍ ജനനം. നാലാം വയസില്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടമായതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങേണ്ടി വന്നു. കയര്‍ ഫാക്ടറിയിലെ തൊഴിലിനിടെ ഉയര്‍ന്നുവന്ന വിഎസ് എന്ന നേതാവ്, 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തകനായി മാറി. തുടര്‍ന്ന് 1946ല്‍പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നല്‍കി. ജന്മദിനാഘോഷങ്ങള്‍ വിഎസിന് പതിവില്ല. ജന്മദിനമറിഞ്ഞെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പായസവും കേക്ക് മുറിക്കലും മാത്രമാണ് ആഘോഷം. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്റെ ഔദ്യോഗികവസതിയായ കവടിയാര്‍ ഹൗസിലാണ് വിഎസ് ഇപ്പോള്‍.