എറണാകുളം അൽ ഖ്വയ്ദ അറസ്റ്റ്: പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളെയും ഡൽഹിയിലേക്ക് കൊണ്ടുപോകും

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് എറണാകുളത്ത് നിന്ന് പിടികൂടിയ മൂന്ന് ബംഗാൾ സ്വദേശികളെ എൻ ഐ എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. മുർഷിദ് ഹസ്സൻ, യാക്കൂബ് ബിശ്വാസ്, മുഷറഫ് ഹുസൈൻ എന്നിവരെ ഡൽഹി കോടതിയിലാണ് ഹാജരാക്കുക

പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി ഇന്നലെ വൈകുന്നേരത്തോടെ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. ഇതേ തുടർന്നാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്.

പിടിയിലായ മൂന്ന് പേരെ കൂടാതെ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിലും നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ ഇടങ്ങളിലായി ചാവേറാക്രമണങ്ങൾക്ക് അൽ ഖ്വയ്ദ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്.