സ്വർണക്കടത്ത്: മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിൽ, ഇന്ന് അറസ്റ്റിലായത് മൂന്ന് പേർ

തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് മാത്രം മൂന്ന് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശികളായ ജിഫ്‌സൽ, ഷമീം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പഴുതുകളടച്ചുള്ള അന്വേഷണമാണ് കസ്റ്റംസും എൻ ഐ എയും നടത്തുന്നത്. ഉന്നതരിലേക്ക് അന്വേഷണം എത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന

കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ട് സംഘങ്ങളായാണ് എൻ ഐ എ സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റിലും ഇവരുടെ വീടുകളിലും പരിശോധന നടത്തി.