തിരൂരിൽ ചുവന്ന മുണ്ട് വീശി ട്രെയിൻ നിർത്തിച്ചു; അഞ്ച് കുട്ടികൾ പിടിയിൽ

മലപ്പുറം തിരൂരിൽ ചുവന്ന മുണ്ട് വീശി തീവണ്ടി നിർത്തിച്ച സംഭവത്തിൽ അഞ്ച് കുട്ടികൾ അറസ്റ്റിൽ. തമാശക്കളിയാണ് ഒടുവിൽ ഗുരുതരമായ സംഭവമായി മാറിയത്. തിരൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. തുമരക്കാവ് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് പുലിവാല് പിടിച്ചത്.

കോയമ്പത്തൂർ-മംഗലാപുരം എക്‌സ്പ്രസ് കടന്നുപോകുമ്പോൾ ഉടുത്തിരിരുന്ന ചുവന്ന മുണ്ട് അഴിച്ച് പാളത്തിനടുത്ത് നിന്ന് വീശുകയായിരുന്നു. ചുവന്ന തുണി വീശുന്നത് കണ്ട് അപകടമെന്തോയുണ്ടെന്ന് സംശയിച്ച് ലോക്കോ പൈലറ്റ് വണ്ടി ബ്രേക്കിട്ട് നിർത്തുകയും ചെയ്തു. ഇതോടെ പണി പാളിയെന്ന് മനസ്സിലായ കുട്ടികൾ ഓടി രക്ഷപ്പെട്ടു

വിവരം സ്റ്റേഷൻ മാസ്റ്ററെയും ആർപിഎഫിനെയും അറിയിച്ചു. തുടർന്ന് ആർ പി എഫ് നടത്തിയ പരിശോധനയിലാണ് കുട്ടികളെ മനസ്സിലായത്. മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും കുട്ടികളെ പിടികൂടുകയുമായിരുന്നു. ചൈൽഡ് ലൈൻ കുട്ടികളെ കൗൺസിലിംഗ് നടത്തി. ദുരുദ്ദേശ്യത്തോടെയാണ് മുണ്ട് വീശിയതെന്ന് അന്വേഷണത്തിൽ മനസ്സിലായാൽ കേസെടുക്കാനാണ് തീരുമാനം.