ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പിബി.സുരേഷ്‌കുമാറും ജസ്റ്റിസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഇതിനെതിരെയാണ് ജലീൽ ഹർജി നൽകിയത്. ഇതിനിടെ 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു.
തന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ജലീലിന്റെ വാദം

 
                         
                         
                         
                         
                         
                        