സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം നിലവാരമില്ലാത്തതായി പോയെന്ന് ചെന്നിത്തല

 

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിലവാരമില്ലാത്തതെന്ന് രമേശ് ചെന്നിത്തല. മരം മുറി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി കോളജ് കാലത്തെ കാര്യങ്ങൾ ഉന്നയിക്കുന്നത്. പിണറായി വിജയന് എന്തും സംസാരിക്കാം. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം

പത്ര സമ്മേളനങ്ങളിൽ ഇതുപോലെയുള്ള വിവാദ വിഷയങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പിണറായി വിജയൻ പലപ്പോഴും പത്രസമ്മേളനത്തെ ദുരുപയോഗിച്ചിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു. ഇരിക്കുന്ന കസേരയുടെ മഹത്വം മുഖ്യമന്ത്രി മനസ്സിലാക്കണം

യഥാർഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇതിലൂടെ വ്യക്തമായത്. കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. അങ്ങനെയൊരാൾ പറഞ്ഞാൽ പോലും കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു