ഇടുക്കി ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്നു

ഇടുക്കി തൊടുപുഴക്ക് സമീപമുള്ള ചീനിക്കുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകം നടത്തിയത്

കുടുംബ വഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹമീദ് തന്നെ അയൽ വീട്ടിലെത്തി കൃത്യം നടത്തിയ കാര്യം അറിയിച്ചത്. തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു. കൃത്യമായ പ്ലാനിംഗോടെയാണ് ഇയാൾ കൃത്യം നടത്തിയത്. വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം മുഴുവനായി ആദ്യം ചോർത്തിക്കളഞ്ഞിരുന്നു.

അതേസമയം വീടിന് തീപടർന്നത് അറിഞ്ഞതോടെ ഫൈസൽ രക്ഷപ്പെടുത്താനായി വിളിച്ചിരുന്നതായി അയൽവാസിയായ രാഹുൽ. വീട്  പൂട്ടിയിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകടത്തുകയറിയത്. ഈ സമയം ഹമീദ് പെട്രൊൾ വീണ്ടും ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു.

ഹമീദിനെ തള്ളി മാറ്റിയാണ് തീ അണക്കാൻ ശ്രമിച്ചത്. തീ പടർന്നതോടെ ഫൈസലും കുടുംബവും ശുചിമുറിയിൽ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുൽ പറഞ്ഞു.