സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്; യൂണിഫോമും ഹാജറും നിർബന്ധമാക്കില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കും. പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. പിടിഎയുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണം നടക്കുന്നത്.

തിരുവനന്തപുരം എസ്. എം വി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ശുചീകരണം ഉദ്ഘാടനം ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്ന ചരിത്ര മൂഹൂർത്തമാണെന്ന് മന്ത്രി പറഞ്ഞു

47 ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തിൽപ്പരം അധ്യാപകരും മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ എത്തും. യൂണിഫോമിൽ കടുംപിടുത്തമില്ല, ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പാഠ ഭാഗങ്ങൾ പൂർത്തീകരിക്കുകയെന്നതാണ് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പാഠഭാഗങ്ങൾ മാർച്ചിൽ തന്നെ തീർക്കും. വാർഷിക പരീക്ഷ ഏപ്രിലിൽ നടത്താനാണ് തീരുമാനം.