കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും
അതേസമയം 10, 11, 12 ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിക്കുന്നതുമാണ്. പഠനത്തുടർച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റൽ പ്ലാറ്റ് ഫോം ഫലപ്രദമായി ഉപയോഗിക്കണം
എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഓരോ സ്‌കൂളും ഉറപ്പുവരുത്തണം. സ്‌കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ച അടച്ചിടണം. അതേസമയം സ്‌കൂൾ ഓഫീസുകൾ കൊവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. എല്ലാ അധ്യാപകരും സ്‌കൂളുകളിൽ ഹാജരാകണമെന്നും മാർഗരേഖയിൽ പറയുന്നു.