തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിൽ മകനെ പിതാവ് വെട്ടിക്കൊന്നു. 30കാരനായ ശിവമണിയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പിതാവ് കേശവൻ ഒളിവിൽ പോകുകയും ചെയ്തു. ശിവമണിയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
കേശവനും ഭാര്യ പളനിയമ്മാളും വിവാഹിതരായ രണ്ട് പെൺമക്കൾക്കുമൊപ്പമാണ് ശിവമണി താമസം. വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷത്തിനിടെ കുടുംബത്തിനായി അയച്ച പണത്തെ ചൊല്ലി ശിവമണിയും മാതാപിതാക്കളും തമ്മിൽ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചിരിക്കുന്നതിനിടെ വിവാഹം കഴിക്കണമെന്ന് ശിവമണി ആവശ്യപ്പെടുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കോടാലി ഉപയോഗിച്ച് കേശവൻ മകനെ വെട്ടിക്കൊന്നു. പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.