കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ മുന്നൊരുക്കം

തിരുവനന്തപുരം; മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ സജ്ജീകരണങ്ങളൊരുങ്ങി. ഇതിന് മുന്നോടിയായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുകയെന്നും മന്ത്രി അറിയിച്ചു.സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച്, കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന തരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തിരുമാനം. കൊവിഡ് പ്രതിരോധ നടപടികളിലെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദദ്ധരാണ് ഒരു ഇടവേളയുമില്ലാതെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കൊവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍, വാക്സിനേഷന്‍ തുടങ്ങി കൊവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.