മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സര്‍ക്കാരിനെതിരേ കേസുമായി കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ കേസുമായി കുടുംബം രംഗത്ത്. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണു രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തത്. ചികില്‍സ നല്‍കാന്‍ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികില്‍സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് അത്താണിയാവേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മദ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണു കേസ്. 84 ലക്ഷം രൂപയാണ് രോഗിയുടെ കുടുംബം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. വീണ് പരിക്കേറ്റ അനില്‍കുമാറിനെ കൊവിഡ് ബാധിച്ചതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോള്‍ മുറിവില്‍ പുഴുവരിച്ചുതുടങ്ങിയിരുന്നു. മറ്റൊരു ആശുപത്രിയിലാണ് ഇദ്ദേഹത്തെ ചികില്‍സിച്ചത്. കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് ചികില്‍സിച്ച ഡോ. അരുണ, ഹെഡ് നഴ്‌സായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഗുരുതര പിഴവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടി തുടരാനും തീരുമാനിച്ചിരുന്നു.