റോയിയുടെ ഇടപെടലിൽ ദുരൂഹത; പോലീസിൽ പരാതി നൽകി അൻസിയുടെ കുടുംബം

 

കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ ഇവർ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ പറഞ്ഞു

അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അൻസിയുടെ കുടുംബം ചോദിക്കുന്നു.

അതേസമയം അൻസിയും അഞ്ജനയും സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാൻ ജാമ്യത്തിലിറങ്ങി. കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.