സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. ഇന്ന് തുലാവർഷത്തിന്റെ ഭാഗമായുള്ള സാധാരണ മഴയാണുണ്ടാകുക. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ഇരട്ട ന്യൂനമർദം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ല.
അറബിക്കടലിലെ ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് അകന്നുപോകുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, ആന്ധ്ര തീരത്ത് പ്രവേശിക്കും. ഇതിന്റൈ ഫലമായി കേരളത്തിൽ മഴ സജീവമാകും
അതേസമയം ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ചെറുതോണി ഡാമിന്റെ ഷട്ടർ അടച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് ഷട്ടർ അടച്ചത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഇന്നലെ നേരിയ വർധനവുണ്ടായി. മഴ കുറഞ്ഞ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും. അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങളിൽ രാവിലെ മുതൽ പ്രവേശനാനുമതിയുണ്ട്. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും.