മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകൾ അടച്ചു; ഉപസമിതിയുടെ പരിശോധന ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു. മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്ററായി കുറയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ഷട്ടറുകൾ അടച്ചത്. 1, 5, 6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50 സെന്റി മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്.

സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. കേന്ദ്ര ജലകമ്മീഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ശരവണകുമാറാണ് സമിതിയുടെ അധ്യക്ഷൻ.

ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളും സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്‌നാടിന്റെ പ്രതിനിധികളുമാണ്. 138.15 അടിയാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്.