വിവാഹവീട്ടിലേക്ക് ഇരച്ചെത്തിയ മരണം; തൊട്ടിലിലും കെട്ടിപ്പിടിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍

ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയ കുരുന്നുകളുടെ സന്തോഷത്തിനിടയ്ക്കാണ് കൊക്കയാറില്‍ മരണം ഉരുള്‍പൊട്ടലായി ഇരച്ചെത്തിയത്. കൊക്കയാർ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ കാഴ്ച കണ്ടുനിന്നവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തൊട്ടിലിൽ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഭാര്യയും രണ്ട് മക്കളുമടക്കം അടക്കം ഉറ്റവരായ 5 പേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി.

തകര്‍ത്തു പെയത് മഴയിലുംഉരുള്‍ പൊട്ടലില്‍ കുത്തിച്ചെത്തിയ പാറയും വെള്ളവും 7 വീടുകളാണ് കൊക്കയാറില്‍തകർത്തത്. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താൻ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ദുരന്തഭൂമിയുടെ ഓരത്ത് കാഞ്ഞിരപ്പള്ളി സ്വദേശി സിയാദുമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടിൽ എത്തിയ ഫൗസിയയും മക്കളായ പത്തുവയസുകാരൻ അമീനും 7വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്‌സാനയും അഫിയാനെയുമായിരുന്നു സിയാദിന് ദുരന്തത്തിൽ നഷ്ടമായത്. മരണത്തിന് തൊട്ടുമുൻപ് മക്കൾ മൊബൈലിൽ എടുത്ത വീഡിയോ കാണുമ്പോഴും അവർ തിരിച്ചുവരുമെന്ന എന്ന പ്രതീക്ഷയായിരുന്നു സിയാദിനുണ്ടായിരുന്നത്.