ദുരന്തമായി അതിതീവ്രമഴ; നാല് മരണം: 12 പേരെ കാണാതായി

കോട്ടയം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയതെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായി നാല് പേര്‍ മരിച്ചു. 12 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടത്തെ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇവിടെ നിന്നും കാണാതായ പത്ത് പേരില്‍ മൂന്ന് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇടുക്കി കാഞ്ഞാറില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്.

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം നിലവിലുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി.കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചുപോയി. ഏഴ് പേരെ കാണാതായി. കൂട്ടിക്കല്‍ അടക്കം കോട്ടയം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി.