ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ. ശിവശങ്കറിന്റെ ആൻജിയോഗ്രാം പരിശോധന പൂർത്തിയായി. ഇസിജിയിൽ വ്യത്യാസമുള്ളതിനാലാണ് ആൻജിയോഗ്രാം നടത്തിയത്.
ഡോക്ടർമാർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടർ നടപടികൾ സ്വീകരിക്കുക. കാർഡിയാക് ഐസിയുവിലാണ് ശിവശങ്കറുള്ളത്. ഇന്നലെ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും
കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വെള്ളിയാഴ്ച അറസ്റ്റിലാകുമായിരുന്നുവെങ്കിൽ ശനിയും ഞായറും അദ്ദേഹത്തിന് കസ്റ്റഡിയിൽ തുടരേണ്ടി വരികയും ജാമ്യത്തിനായി തിങ്കളാഴ്ച വരെ കാത്തിരിക്കുകയും വേണ്ടി വരുമായിരുന്നു.