കെ രാഘവൻ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

സംഗീത സംവിധായകൻ കെ രാഘവന്റെ ഓർമ്മ നിലനിർത്തുന്നതിന് കെ പി എ സി രൂപം കൊടുത്ത കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും. 50, 000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. മലയാള ചലച്ചിത്ര സംഗീതത്തിൽ എഴുതിയത് അത്രയും അർത്ഥപൂർണമാക്കി മാറ്റിയ മഹാപ്രതിഭയാണ് ശ്രീകുമാരൻ തമ്പി. തലമുറകൾ ഏറ്റു പാടിയ കാവ്യ മനോഹരമായ ഭാവഗീതങ്ങളുടെ കവി.

പാട്ടുകളിൽ ഉൾച്ചേർന്ന മൗലികത കൊണ്ട് അനിർവചനീയമായ അനുഭൂതി പ്രപഞ്ചം സൃഷ്ടിക്കുന്ന ശ്രീകുമാരൻ തമി മലയാണ്മയുടെ നിറസമുദ്ധിയെ തോറ്റിയുണർത്തിയ സൗന്ദര്യോപാസകനാണ്.

അറിയാതെ മൂളി പോകുന്ന എത്രയോ ഈരടികളിലൂടെ നമ്മടെയെല്ലാം ജീവിതത്തിൽ നിത്യസാന്നിധ്യമായ ശ്രീകുമാരൻ തമ്പിക്ക്, നാട്ടു സംസ്കൃതിയുടെ ഈണവും താളവും കൊണ്ട് എന്നും ജനമനസിൽ ജീവിക്കുന്ന കെ രാഘവൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം നൽകുന്നതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ എം ജയചന്ദ്രൻ, ഡോ: കെ ഓമനക്കുട്ടി, കരിവെള്ളൂർ മുരളി എന്നിവർ വിലയിരുത്തി. കെ രാഘവൻ മാസ്റ്ററുടെ ജന്മദിനമായ ഡിസംബർ രണ്ടിന് പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വി ടി മുരളിയും സെക്രട്ടറി ടി വി ബാലനും അറിയിച്ചു.