സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു; പ്രമേയത്തിന് നോട്ടീസ് നൽകി വി ഡി സതീശൻ

സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. ചട്ടം 63 പ്രകാരം വി ഡി സതീശനാണ് മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റ വരി പ്രമേയാണ് നിയമസഭാ സെക്രട്ടറിക്ക് നൽകിയത്.

നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരുമെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യ ബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യ ബിൽ ഈ മാസം 30ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യമൊഴിവാക്കുകയാണ് പ്രധാന അജണ്ട.

സഭ സമ്മേളിക്കുമ്പോൾ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം കടുപ്പിക്കാൻ സാധ്യതയേറെയാണ്. സ്പീക്കറെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമുണ്ടെന്ന് നോട്ടീസിൽ ആരോപിക്കുന്നു.