നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തും. ഹൈക്കമാൻഡുമായുള്ള പ്രാരംഭ ചർച്ചകൾക്ക് നാളെ തുടക്കമാകും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ചെന്നിത്തല ഡൽഹിയിൽ എത്തിയിട്ടുണ്ട്
സ്ഥാനാർഥി നിർണയം, ഡിസിസി പുന:സംഘടന എന്നിവയാണ് ചർച്ചയാകുക. തുടർന്ന് കേന്ദ്ര നിരീക്ഷണസംഘം സംസ്ഥാനത്ത് എത്തും. 22, 23, തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചർച്ച നടത്തും.
ഗെഹ്ലോട്ട്, ജി പരമേശ്വര, ലൂസിനോ ഫെലോറ എന്നിവരാണ് കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുക. ഉമ്മൻ ചാണ്ടിക്ക് നൽകുന്ന പദവി എന്തായിരിക്കുമെന്നതും ഹൈക്കമാൻഡുമായി നടക്കുന്ന ചർച്ചക്ക് ശേഷം തീരുമാനമാകും
ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കുക, ഭരണം ലഭിച്ചാൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നിലുള്ളത്.