നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം ലഭിച്ചാൽ ഉമ്മൻ ചാണ്ടിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരൻ. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രചാരണം നയിക്കും. കൂടുതൽ എംഎൽഎമാർ പിന്തുണക്കുന്ന ആൾ മുഖ്യമന്ത്രിയാകും.
വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനിറങ്ങില്ലെന്നും മുരളീധരൻ വ്യക്തമാക്കി. എംപിയെന്ന നിലയിലെ ചുമതല വഹിക്കുകയാണ് പ്രധാനം. ക്രിസ്ത്യൻ മതനേതാക്കളുമായി യുഡിഎഫ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച എത്രമാത്രം അവർ വിശ്വാസത്തിലെടുത്തു എന്നറിയില്ല.
വെൽഫെയർ പാർട്ടി ബന്ധം പാർട്ടിയിൽ ചർച്ച ചെയ്താണ് തീരുമാനിച്ചത്. മുന്നണിയിലും വിശദമായ ചർച്ച നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പിന് അതീതമായി സ്ഥാനാർഥികളെ നിർത്തിയില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.