”എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം, യൂസുഫലി നമ്മുടെ അഭിമാനം”: മമ്മൂട്ടി

ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസുഫലി മാറിയെന്ന് നടന്‍ മമ്മൂട്ടി. തന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം. യൂസുഫലി നമ്മുടെ അഭിമാനമാണെന്നും മമ്മൂട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

“പ്രസംഗിക്കാന്‍ പറഞ്ഞ ആള്‍ക്കാരുടെ ലിസ്റ്റില്‍ ഞാനില്ല. ഞാന്‍ സമാധാനമായിട്ട് ഇരിക്കുകയായിരുന്നു. അടുത്ത കാലത്ത് വന്ന പനിയും കേൾക്കാൻ സുഖമില്ലാത്ത സൗണ്ടും കാരണം അൽപം ഭയത്തോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. യൂസുഫലിയുടെ ക്ഷണം നിരാകരിക്കാനുള്ള ഒരുകാരണവും ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. തിരുവനന്തപുരം നഗരത്തിന്‍റെ അഭിമാനമായി ഇങ്ങനെയൊരു സ്ഥാപനം ഇവിടെയുണ്ടാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. യൂസുഫലി നമ്മുടെ അഭിമാനമാണ്. ലുലു എന്ന ബ്രാന്‍ഡ് സൃഷ്ടിച്ചത് യൂസുഫലിയാണ്. ലുലുവിനേക്കാൾ വലിയ ബ്രാൻഡ് ആയി യൂസുഫലി മാറിക്കഴിഞ്ഞു.

എന്നെ ഒരുപാട് പേർക്ക് അറിയാമെന്ന് പലപ്പോഴും ഞാൻ ഊറ്റം കൊള്ളാറുണ്ട്. പക്ഷേ എന്നെ അറിയാത്ത ഒത്തിരി പേർക്ക് യൂസുഫലിയെ അറിയാം. കേരളത്തിന്‍റെ അഭിമാനമായി ലുലു മാൾ ഉയർന്നു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. ഇനിയും കേരളത്തില്‍ ഇതുപോലെയുള്ള വ്യവസായ സംരംഭങ്ങളിലും തൊഴില്‍ സംരംഭങ്ങളിലും യൂസുഫലി ഒരു ബ്രാന്‍ഡായി ഉയര്‍ന്നുനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു”

2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷം ചതുരശ്രയടിയിലാണ് തിരുവനന്തപുരത്തെ ലുലു മാള്‍. ലുലു ഹൈപ്പര്‍മാളാണ് പ്രധാന ആകര്‍ഷണം. പച്ചക്കറി മുതല്‍ സകലതും ഇവിടെ സജ്ജം. ഇന്ത്യന്‍, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക വിഭാഗവുമുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.

ടെക്നോളജി ട്രെന്‍ഡുമായി ലുലു കണക്ട്, ഫാഷന്‍ തുടിപ്പുകളുമായി ഫാഷന്‍ സ്റ്റോര്‍, വെഡിങ് കളക്ഷനുമായി ലുലു സെലിബ്രേറ്റ് എന്നിവ തയ്യാര്‍. 200ല്‍പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ടെക്നോപാര്‍ക്കിന് അടുത്ത് ആക്കുളത്താണ് പുതിയ ലുലുവിന്‍റെ കേന്ദ്രം.

500 കാറുകൾക്കും കാൽ ലക്ഷം ബൈക്കുകൾക്കും പാർക്ക് ചെയ്യാവുന്ന കൂറ്റൻ പാർക്കിംഗ് ഗ്രൗണ്ട് മാളിന്റെ വലതുവശത്തുണ്ട്. ആയിരത്തോളം കാറുകൾ നിര്‍ത്താവുന്ന അണ്ടർഗ്രൗണ്ട് പാർക്കിംഗും ഉണ്ട്. ഇതിന് പിന്നിലായി എട്ടു നിലകളിലായി മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ്. ഇതിൽ 3500 കാറുകൾക്ക് പാർക്ക് ചെയ്യാം. പാർക്കിംഗ് സ്ഥലത്തുനിന്ന് നേരെ എസ്കലേറ്റർ വഴി മാളിലേക്ക് പ്രവേശിക്കാം. ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിക്കാർക്കായി പ്രത്യേക എസ്കലേറ്റർ സൗകര്യവുമുണ്ട്.

മാളിന് ഇടതുവശത്ത് കുട്ടികൾക്കായുള്ള ഗെയിമിംഗ് സെന്ററുകളാണ്. മൊത്തം 80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഫൺട്യൂറ എന്നു പേരിട്ടിരിക്കുന്ന ഗെയിം മേഖല. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സിപ്പ് ലൈനുമുണ്ട്. സിപ്പ് ലൈൻ യാത്രയിലൂടെ മാളിനകം ചുറ്റിക്കാണാം. പി.വി.ആറിന്റെ തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്.