കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും. വോട്ടെടുപ്പ് നടക്കുമ്പോൾ ശക്തമായ പോളിംഗാണ് ആന്തൂരിൽ രേഖപ്പെടുത്തിയത്.മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്കുണ്ട്.
വോട്ടെടുപ്പിന് മുമ്പ് തന്നെ ചില വാർഡുകളിൽ ഇവിടെ എൽഡിഎഫ് എതിരാളികളില്ലാതെ വിജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നഗരസഭയിൽ എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ് പ്രകടമാകുന്നത്.
നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടന്നത്. ഇവിടെ ലീഗ് സ്ഥാനാർഥി മത്സരിച്ചു. 2015 ലാണ് ആന്തൂർ നഗരസഭ രൂപമെടുക്കുന്നത്. ഏറ്റവും അധികം പാർട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്. വ്യവസായി സാജന്റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭയാണ് ആന്തൂർ.