തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു. കാത്തുനില്ക്കാന് സമയമില്ലെന്നും കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയേ മാർഗമുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തദ്ദേശ സ്ഥാപനതലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്ന കാര്യം ഉറപ്പവരുത്തുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കും. സംസ്ഥാന സർക്കാർ സർവിസിലെ ഗസറ്റഡ് ഓഫിസർ റാങ്കുള്ളവരെ പഞ്ചായത്തുകൾ, മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിൽ വിന്യസിക്കും. അവർക്ക് തൽക്കാലം ചില അധികാരങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്കു നേരെ കര്‍ശന നടപടിയുണ്ടാകും. കടകളില്‍ നിശ്ചിത അകലം പാലിക്കണം, കൂട്ടം കൂടരുത്. കടയില്‍ വരുന്നവര്‍ക്ക് നില്‍ക്കാനായി നിശ്ചിത അകലത്തില്‍ സ്ഥലം മാര്‍ക്ക് ചെയ്തുനല്‍കണം. പാലിച്ചില്ലെങ്കിൽ കട അടച്ചിടേണ്ടിവരും.
മാസ്ക് ധരിക്കാത്തതിന് പിഴ വര്‍ധിപ്പിക്കേണ്ടിവരും. വിവാഹങ്ങളിൽ 50 പേരും മരണചടങ്ങുകളിൽ 20 പേരും എന്നത് തുടരണം. മരണങ്ങള് ഒഴിവാക്കാന്‍ രോഗ വ്യാപനം ഒഴിവാക്കണം. ആള്‍ക്കൂട്ടമാണ് കോവിഡ് വ്യാപനത്തിെൻറ പ്രധാന കാരണം.
രോഗം വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കയുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയല്ലാതെ വഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.