മലപ്പുറം തലക്കാട് ഗ്രാമപഞ്ചായത്തിലെ ഇന്നലെ മരിച്ച ഇടതുമുന്നണി സ്ഥാനാർഥി സഹീറ ബാനുവിന് മികച്ച വിജയം. 239 വോട്ടിനാണ് സഹീറ വിജയിച്ചത്. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ സ്ഥാനാര്‍ഥിയായിരുന്നു ഇരഞ്ഞിക്കല്‍ സഹീറ ബാനു. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍ സ്ഥാനാര്‍ഥി.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയായിരുന്നു മരണം. കഴിഞ്ഞ 10ന് പാറശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സഹീറ ബാനു. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
തലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു സഹീറ. 2000ലും 2010ലും പഞ്ചായത്ത് മെമ്പറായിരുന്നു. കഴിഞ്ഞ തവണ പൂക്കൈതയിലെ യുഡിഎഫ് ശക്തികേന്ദ്രത്തില്‍ നിന്നും എട്ടു വോട്ടിനാണ് പരാജയപ്പെട്ടത്. തൈവളപ്പില്‍ സയ്താലിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്‌നീദ്.