സംസ്ഥാനത്ത് ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്സിൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു
വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി.
കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്സിൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6,16,112 പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്.
2,13,311 പേർക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്സിൻ നൽകിയത്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവരേയും അഭിനന്ദിക്കുന്നു.
വാക്സിനേഷനായി വലിയ പ്രവർത്തനമാണ് ജില്ലയിൽ നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളിൽ പോലും വാക്സിനേഷൻ ഉറപ്പാക്കാൻ 28 മൊബൈൽ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിൻ നൽകിയത്. കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്സിനേഷൻ നൽകാനായും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി.