കണ്ണൂർ വിസി നിയമനം ഹൈക്കോടതി ശരിവെച്ചു; ഗവർണറുടെ നിലപാടുകൾക്ക് തിരിച്ചടി ​​​​​​​

കണ്ണൂർ സർവകലാശാലാ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി. വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിനോട് പോർമുഖം തുറന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ നിന്നുള്ള ആശ്വാസവിധിയുണ്ടായിരിക്കുന്നത്. ഒരുതരത്തിൽ ഗവർണർ സ്വീകരിച്ച വിവാദ നിലപാടുകൾക്കും തിരിച്ചടിയാണ് വിധി

വി സിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഹൈക്കോടതി തള്ളിയത്.

ഗവർണറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി ഉന്നയിച്ചു.