മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ അവ്യക്തത തുടരുന്നു. മരം മുറിയുമായി ബന്ധപ്പെട്ട് ഫയലുകൾ വനം മന്ത്രിക്ക് കൈമാറിയട്ടില്ലെന്ന് വനം സെക്രട്ടറി രാജേഷ് സിൻഹ പറഞ്ഞു. തമിഴ്‌നാടും കേരളവുമായി നടന്ന സെക്രട്ടറി തല യോഗങ്ങളിൽ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനങ്ങൾ എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് വനം മന്ത്രിക്ക് വിശദീകരണം നൽകി. മന്ത്രിമാർ അറിഞ്ഞുകൊണ്ടാണ് മരംമുറി ഉത്തരവ് നൽകിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വനം സെക്രട്ടറിയുടെ വിശദീകരണം.
മന്ത്രിയുടെ അനുമതിയില്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടാൻ കഴിയില്ല. എന്നാൽ കേന്ദ്രാനുമതി വേണമെന്ന ആവശ്യം ഉന്നയിക്കാത്തതിനാൽ ഫയൽ വനംമന്ത്രിക്ക് അയച്ചില്ല. മരം മുറിക്കാൻ താനും അന്തിമ അനുവാദം നൽകിയട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞു. അതേസമയം സെപ്റ്റംബർ 17ന് നടന്ന ഇരു സംസ്ഥാനങ്ങളുടെയും യോഗത്തിൽ മരം മുറി ചർച്ച ചെയ്തുവെന്ന് വനംസെക്രട്ടറി സമ്മതിച്ചു.